• ഇവിടെ പോസ്റ്റ് ചെയ്യുന്ന വിഷയങ്ങളിലുള്ള സംശയങ്ങൾ ബ്ലോഗിൽ കമന്റായോ islbtn@gmail.com എന്ന ഇ മെയിൽ ഐഡിയിൽ അയക്കുകയോ ചെയ്യുക. ഇസ്ലാമിക വിഷയങ്ങളിൽ മറ്റ് സംശയങ്ങളും ചോദ്യങ്ങളും vilakk@gmail.com എന്ന മെയിൽ ഐഡിയിൽ അയക്കേണ്ടതാണ്. *** പരിശുദ്ധ റമളാൻ ആഗതമാവുന്നു..റമളാനിനെ സംബന്ധിച്ച ബുള്ളറ്റിനുകൾ ഉടൻ പ്രതീക്ഷിക്കുക...

Tuesday, September 22, 2009

ബുള്ളറ്റിൻ 190 സകാത്‌ -07


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

സകാത്ത്‌ ഭാഗം -07
ധനത്തിന്റെ സകാത്‌

വർഷം പൂർത്തിയാതിനു ശേഷം സകാത്ത്‌ കൊടുക്കുന്നതിനു മുമ്പ്‌ വിൽക്കപ്പെടുന്ന ധനത്തിലുള്ള സകാത്തിന്റെ വിഹിതത്തിൽ വിലപന സാധുവാകുകയില്ല. ബാക്കിയുള്ളതിൽ സാധുവാകുന്നതാണ്‌
സ്വർണ്ണം, വെള്ളി ( നാണ്യം ) , ആട്‌, മാട്‌, ഒട്ടകം (ജീവികൾ), മുഖ്യാഹാരം (ഭക്ഷ്യധാന്യം ) ,കാരക്ക, മുന്തിരി എന്നീ എട്ട്‌ ഇനങ്ങളിലാണ്‌ സകാത്ത്‌ നൽകേണ്ടത്‌.

ഭൂമിയിലുള്ള സർവ്വ അനുഗ്രഹങ്ങളും മനുഷ്യനു വേണ്ടി സംവിധാനിച്ച അല്ലാഹു അവനു വഹിക്കാനാവാത്ത യാതൊന്ന്നും കൽപിച്ചിട്ടില്ല. " അല്ലാഹു നിങ്ങൾക്ക്‌ ആശ്വാസത്തെയാണ്‌ ഉദ്ദേശിക്കുന്നത്‌ ,പ്രയാസമുണ്ടാക്കാനുദ്ദേശിക്കുന്നില്ല (ഖുർആൻ ) . കൊടുക്കുന്നവർക്കും വാങ്ങുന്നവർക്കും ഞെരുക്കമില്ലാത്ത രൂപത്തിലാണ്‌ സകാതിനെ വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്‌. ആകെ എട്ട്‌ ഇനങ്ങളിൽ മാത്രം. കൊടുക്കേണ്ട വിഭാഗവും എട്ട്‌ തന്നെ..അവർ ;

1) ഫഖീർ ;
വരുമാനം ചിലവിന്റെ പകുതിയിലെത്താത്തവർ
2) മിസ്കീൻ ;
വരുമാനം ചിലവിന്റെ പകുതിയാവും പൂർണ്ണമാകുന്നില്ലസൗജന്യമായി ലഭിക്കുന്ന ചെലവ്‌ ഫഖീറും മിസ്കീനുമാകുന്നതിനു എതിരല്ല.
3) സകാത്തിന്റെ ഉദ്യോഗസ്ഥന്മാർ ;
സകാത്ത്‌ പിരിക്കുന്നവർ, അതിന്റെ കണക്ക്‌ എഴുതുന്നവർ, പിരിച്ചെടുത്ത്‌ സംഭരിക്കുന്നവർ, അത്‌ ഭാഗിച്ച്‌ വിതരണം ചെയ്യുന്നവർ.
4) നവ മുസ്‌ലിംകൾ ;
ഇസ്‌ലാമിൽ ആകൃഷ്ടരായ അമുസ്‌ലിംകൾക്ക്‌ അവർ മുസ്‌ലിമ്മാവുന്നതിനു മുമ്പ്‌ സകാത്‌ കൊടുക്കുവാൻ പാടില്ല. മുസ്‌ലിമായാൽ അർഹനാകുന്നു.അവരുടെ ഇസ്‌ലാം മെച്ചപ്പെടുമെന്നോ അല്ലെങ്കിൽ അവരെപ്പോലോത്തവർ ഇസ്‌ലാം സീകരിക്കുമെന്നോ പ്രതീക്ഷികക്പ്പെടുന്നുവെങ്കിൽ അത്തരം നവ മുസ്‌ലിം ധനാഢ്യനാണെങ്കിൽ പോലും സകാത്തിന്‌ അർഹനാണ്‌. ജനങ്ങളിൽ സ്വാധീനമുള്ള അവർക്ക്‌ സകാത്ത്‌ കൊടുക്കുന്നത്‌ കണ്ട്‌ മറ്റുള്ളവർകൂടി ഇസ്‌ലാമിലേക്ക്‌ ആകർഷിക്കപ്പെടാൻ സാധ്യതയുള്ളത്‌ കൊണ്ടാണത്‌.

5) രിഖ്വാബ്‌ ;
ഗഡുക്കളായോ മറ്റോ പണം അടച്ച്‌ കൊള്ളാമെന്ന വ്യവസ്ഥയിൽ യജമാനനുമായി മോചന പത്രം എഴുതിയ അടിമകൾക്ക്‌ അവർ നിശ്ചിത തുക വശമില്ലാത്തവരാണെങ്കിൽ അതിനാവശ്യമായത്‌ സകാത്‌ മുതലിൽ നിന്ന് കൊടുക്കേണ്ടത്‌.

6) കടക്കാരൻ ;
രക്തച്ചൊരിച്ചിലിനോ സാമ്പത്തിക നഷ്ടത്തിനോ ഇടവരുത്തുമായിരുന്ന സംഘട്ടനം ഒഴിവാക്കുവാനും വ്യക്തികളുടെയോ സമൂഹങ്ങളുടേയോ ഇടയിൽ യോജിപ്പ്‌ ഉണ്ടാക്കുവാനായി കടം വാങ്ങിയവർ ധനികനാണെങ്കിൽ പോലും സകാത്തിന്റെ ധനത്തിൽ നിന്ന് ഒരു വിഹിതം പ്രസ്തുത കടം വീട്ടേണ്ടതിലേക്കായി അവനു നൽകേണ്ടതാണ്‌. തന്റെയും തന്റെ ഭാര്യ സന്തതികളുടെയും ചെലവിനു വേണ്ടി കടം വാങ്ങിയവൻ ദരിദ്രനാണെങ്കിൽ അവന്നും സകാത്‌ കൊടുക്കേണ്ടതാണ്‌. ധനികനാണെങ്കിൽ അവൻ സകാത്തിന്‌ അർഹനല്ല. അനുവദനീയമല്ലാത്ത കാര്യത്തിനു വേണ്ടി കടം വാങ്ങി ചെലവഴിക്കുകയും അനന്തരം അവൻ പശ്ചാത്തപ്പിക്കുകയും ചെയ്താൽ ആ കടം വീട്ടേണ്ടതിലേക്ക്‌ സകാത്തിൽ നിന്ന് വിഹിതം നൽകാം എന്നാണ്‌ പ്രബല അഭിപ്രായം


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin # 190

Sunday, September 20, 2009

ബുള്ളറ്റിൻ 189 -സകാത്-06


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

സകാത്ത്‌ ഭാഗം -06
ധനത്തിന്റെ സകാത്ത്‌

മുർതദ്ദായവൻ (മത ഭ്രഷ്ടൻ ) വീണ്ടും ഇസ്‌ലാമിലേക്ക്‌ വന്നാൽ മുർതദ്ദായിരുന്ന കാലത്തുള്ള സകാത്ത്‌ നിർബന്ധമായും കൊടുക്കണം. കുട്ടി, ഭ്രാന്തൻ മുതലായവരുടെ സ്വത്ത്‌ കൈകാര്യം ചെയ്യുന്നവർ അതിന്റെ സകാത്ത്‌ കൊടുക്കൽ നിർബന്ധമാണ്‌ അത്‌ കൊടുക്കാതിരുന്നാൽ അയാൾ കുറ്റക്കാരനകും. കൈകാര്യ കർത്താവ്‌ സകാത്ത്‌ കൊടുത്തിരുന്നില്ലെങ്കിൽ കുട്ടിയും ഭാന്തനും മത ശാസനകൾ പാലിക്കുവാൻ ബാധ്യസ്ഥരാകുന്ന ഘട്ടത്തിൽ അത്‌ കൊടുത്ത്‌ വീട്ടൽ നിർബന്ധമാകുന്നു. പിടിച്ചുപറിക്കപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ കൈമോശം വരികയോ സമുദ്രത്തിൽ വീഴുകയോ ചെയ്ത ധനമോ, അവധി നീട്ടിയ കടമോ തിരിച്ച്‌ ലഭിച്ചാൽ കഴിഞ്ഞ കാലങ്ങളിലെ സകാത്ത്‌ കൊടുക്കൽ നിർബന്ധമാണ്‌. തിരിച്ച്‌ കിട്ടിയില്ലെങ്കിൽ അതിന്‌ സകാത്തില്ല. ഒരാളുടെ ഉടമസ്ഥതയിലുള്ള ധനം സകാത്ത്‌ നിർബന്ധമാകുന്ന പരിധിയുള്ളതോടു കൂടി അത്രയും തുക അവന്‌ കടം ഉണ്ടെങ്കിലും അതിന്‌ സകാത്ത്‌ നിർബന്ധമാകുന്നു

കടം സകാത്തിന്റെ നിർബന്ധതയെ തടയുകയില്ല. സകാത്ത്‌ ധനത്തോട്‌ നേരെ ബന്ധിക്കുന്നതായത്‌ കൊണ്ട്‌ കൊല്ലം പൂർത്തിയാവുന്നതോട്‌ കൂടി സകാത്തിന്റെ അവകാശികൾ മുതലിൽ നിന്ന് നിശ്ചിത വിഹിതത്തിന്റ്‌ ഉടമകളായിത്തീരും . എങ്കിലും അവരുടെ വിഹിതം അതേ മുതലിൽ നിന്ന് തന്നെ കൊടുത്ത്‌ കൊള്ളണമെന്നില്ല. മറ്റൊന്നിൽ നിന്ന് കൊടുത്താൽ മതിയാവുന്നതാണ്‌.. 200 ദിർഹം വെള്ളിമാത്രം ഉടമസ്ഥതയിലുള്ള മനുഷ്യൻ കൊല്ലങ്ങളോളം അതിന്‌ സകാത്ത്‌ കൊടുത്തില്ലെങ്കിലും ആദ്യ വർഷത്തെ സകാത്‌ മാത്രമേ നിർബന്ധമാവുകയുള്ളൂ 200 ന്റെ സകാത്ത്‌ വിഹിതം കഴിച്ചാൽ ബാക്കിയുള്ളതിനു സകാത്തിന്റെ പരിമാണമില്ലെന്നതാണു കാരണം.

കൊല്ലം പൂർത്തിയായതിനു ശേഷം സകത്‌ കൊടുക്കുവാൻ സൗകര്യം കിട്ടുന്നതിനു മുമ്പായി ധനം മുഴുവൻ നശിച്ചാൽ അവൻ സകാതിൽ നിന്ന് ഒഴിവാകുന്നതാണ്‌. സകാതിന്റെ കണക്കിൽ കൂറവ്‌ സംഭവിക്കും വിധം ഭാഗികമായി നശിച്ചാൽ ബാക്കിയുള്ളതിന്റെ വിഹിതം സകാത്‌ നിർബന്ധമാകും. നശിച്ചതിന്റെ വിഹിതത്തിന്‌ ബാധ്യസ്ഥനാവുകയില്ല. വർഷം പൂർത്തിയാവുകയും സകാത്ത്‌ കൊടുക്കുവാൻ സൗകര്യം കിട്ടുകയും ചെയ്തതിനു ശേഷം ധനം പൂർണ്ണമായോ ഭാഗികമായോ നശിച്ചാൽ സകാത്തിൽ ഇളവ്‌ അനുവദിക്കപ്പെടുകയില്ല. നശിക്കാത്തതിനെന്ന പോലെ നശിച്ചതിനും സകാത്ത്‌ കൊടുക്കൽ നിർബന്ധമാണ്‌. വർഷത്തിൽ അൽപനിമിഷമെങ്കിലും ധനം ഉടമസ്ഥതയിൽ നിന്ന് നീങ്ങിയാൽ പിന്നെ അത്‌ തിരിച്ച്‌ കിട്ടിയാലും ഇല്ലെങ്കിലും സകാത്‌ നിർബന്ധമില്ല. കൊല്ലം പൂർത്തിയാകുന്നതിനു മുമ്പ്‌ മരിച്ചാലും അപ്രകാരം തന്നെ. ധനം മറ്റൊരാളിൽ നിന്ന് വിലക്ക്‌ വാങ്ങിയവനും അനന്തരാവകാശത്തിലൂടെ ലഭിച്ചവനും അത്‌ തങ്ങളുടെ ഉടമയിൽ വന്നത്‌ മുതൽ കൊല്ലം ആരംഭിച്ചതായി കണക്ക്‌ കൂട്ടേണ്ടതാണ്‌. സകാത്തിൽ നിന്ന് ഒഴിഞ്ഞ്‌ മാറുവാൻ വേണ്ടി വർഷം പൂർത്തിയാകുന്നതിനുമുമ്പ്‌ ധനം കൈമാറ്റം ചെയ്യൽ കറാഹത്താകുന്നു. ഹറാമാണെന്നും അഭിപ്രായമുണ്ട്‌

اَللَّهُمَّ اجْعَلْ هٰذَا الشَّهْرَ الشَّرِيفَ الْعَظِيمَ شٰاهِداً لَنٰا لاٰ شٰاهِداً عَلَيْنا وَاجْعَلْهُ حُجَّةً لَنٰا لاٰ حُجَّةً عَلَيْنٰا

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin # 189

Saturday, September 19, 2009

ബുള്ളറ്റിൻ 188- സകാത്-05


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ഫിത്വർ സകാത്ത്‌ ഭാഗം -05

ധാന്യത്തിനു പകരം തുല്യ വില നൽകിയാൽ ഫിത്വർ സകാത്തിന്റെ ബാധ്യത തീരുകയില്ല .അങ്ങിനെ പണമായി നൽകുന്നതിനു തെളിവുമില്ല. സൗദി യിലെ ചീഫ്‌ മുഫ്തിയായിരുന്ന ശൈഖ്‌ അബ്‌ ദുൽ അസീസ്‌ ബിൻ ബാസ്‌ 1416 റമളാൻ 27 ന്‌ അൽ-മുസ്‌ലിമൂൻ പത്രത്തിൽ പ്രസിദ്ധപ്പെടുത്തിയ ഫത്‌വയിലൂടെ മുഖ്യ ഭക്ഷണ ധാന്യമല്ലാത്ത നാണയമുൾപ്പെടെ യാതൊന്നും ഫിത്വർ സകാത്തിന്‌ മതിയാകുന്നതല്ലെന്ന് സവിസ്തരം വ്യക്തമാക്കുന്നു.

നബി(സ)യുടെ മുശുവൻ ഹദീസുകൾ പരിശോധിച്ചാലും ഫിത്‌ർ സകാത്ത്‌ നാണയമായി നൽകിയാൽ മതിയെന്ന് കാണില്ല. ദീനാറും ദിർഹമും നടപ്പുണ്ടായിട്ടും നബിയോ സഹാബത്തോ നാണയമായി ഫിത്വർ സകാത്ത്‌ നലികിയെന്ന് തെളിയിക്കപ്പെട്ടിട്ടില്ല.

ഒരു വ്യക്തി സകാത്ത്‌ നൽകിക്കഴിഞ്ഞാൽ അവന്റെ ഉടമസ്ഥതയിൽ നിന്ന് നീങ്ങുകയും വാങ്ങിയവന്റെ ഉടമസ്ഥതയിലായിത്തീരുകയും ചെയ്യുന്നു. വാങ്ങിയവന്‌ ഇഷ്ടപ്പെട്ടവർക്ക്‌ അത്‌ ചിലവഴിക്കാം. അത്‌ സകാത്ത്‌ നൽകിയവന്‌ തന്നെയാണെങ്കിലും കുഴപ്പമില്ല. സകാത്ത്‌ വാങ്ങിയശേഷം അതവർ വിൽപന നടത്തിയാലും വിരോധമില്ല.

സകാത്തിന്റെ വകാലത്ത്‌

സകാത്ത്‌ മറ്റൊരാളെ ഏൽപ്പിച്ച്‌ കൊടുക്കുന്നതിനേക്കാൾ ഉത്തമം സ്വയം വിതരണം ചെയ്യലാണെന്നതിൽ ഭിന്നാഭിപ്രായമില്ല. എങ്കിലും സകാത്ത്‌ വിതരണത്തിന്‌ മുസ്ലിമും പ്രായപൂർത്തിയും ബൂദ്ധിയും തന്റേടവുമുള്ളവനെ ഏൽപിക്കൽ അനുവദനീയമാണ്‌. മറ്റൊരാളെ ചുമതലപ്പെടുത്തുമ്പോൾ (വകാലത്ത്‌) "ഈ ധാന്യം എന്റെ ഫിത്വർ സകാത്തായി അർഹിക്കുന്നവർക്ക്‌ കൊടുക്കാൻ നിന്നെ ഞാൻ ചുമതലപ്പെടുത്തുന്നു" എന്നാണ്‌ വകാലത്താക്കേണ്ടത്‌.

ധനത്തിന്റെ സകാത്ത്‌

നിസ്കാരം , നോമ്പ്‌ എന്നിവ പോലെ ഇസ്‌ലാമിന്റെ മൗലിക ഘടകങ്ങളിൽ ഒന്നാണ്‌ സകാത്ത്‌. സകാത്ത്‌ നൽകാൻ കടമയുള്ള മുസ്ലിം സഹോദരങ്ങളിൽ വലിയൊരു വിഭാഗം അറിഞ്ഞോ അറിയാതെയോ ഇസ്‌ലാമിന്റെ ഈ മൗലിക ഘടകത്തിനു പുറം തിരിഞ്ഞു നിൽക്കുന്നത്‌ ഖേദകരമാണ്‌.

സമ്പാദിക്കാൻ മനുഷ്യന്‌ അവസരം നൽകിയ ഇസ്‌ലാം ധനികന്‌ ചില സാമൂഹ്യ ബാധ്യതകൾ കൽപ്പിച്ചിട്ടുണ്ട്‌. ധനം അത്യന്തികമായി അല്ലാഹുവിന്റേതാണെന്നാണ്‌ ഇതിലടങ്ങിയിട്ടുള്ള തത്വം. സമൂഹത്തിലെ അഗതികളേയും അനാഥകളേയും മറ്റ്‌ പട്ടിണിപ്പാവങ്ങളെയും സഹായിക്കുന്നതോടൊപ്പം ധനികന്റെ സമ്പത്തിന്റെ ശുദ്ധീകരണം കൂടി സകാത്തിന്റെ ലക്ഷ്യമാണ്‌. " അവരുടെ സമ്പത്തിൽ നിന്നും ' നബിയേ, താങ്കൾ ദാനം വാങ്ങുക, അതവരെ ശുദ്ധി ചെയ്യും. താങ്കൾ ആ ദാനം വഴി അവരെ സംസ്കരണത്തിന്‌ വിധേയമാക്കുന്നു" (ഖുർആൻ) . ഇസ്‌ലാമിന്റെ പഞ്ചസതംഭങ്ങളിലൊന്നായ സകാത്തിനെ നിരാകരിക്കുന്നവർക്ക്‌ കർശനമായ ശിക്ഷയുണ്ടെന്നാണ്‌ അല്ലാഹുവിന്റെ താക്കീത്‌



اَللَّهُمَّ اجْعَلْ هٰذَا الشَّهْرَ الشَّرِيفَ الْعَظِيمَ شٰاهِداً لَنٰا لاٰ شٰاهِداً عَلَيْنا وَاجْعَلْهُ حُجَّةً لَنٰا لاٰ حُجَّةً عَلَيْنٰا

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin # 188